കന്നിക്കരോൾ. [മിനികഥ ] / സുജിത് കുട്ടനാരി.


 കന്നിക്കരോൾ.

[ മിനി കഥ]

സുജിത് കുട്ടനാരി.


അന്നയുടെ ആദ്യത്തെ കൃസ്തുമസാണ്.

ഇരുൾ പുതഞ്ഞ മലഞ്ചരിവിന്റെ അങ്ങേയറ്റത്ത് നിന്ന് കരോൾ സംഘത്തിന്റെ കൊട്ടും പാട്ടും കേൾക്കാം.

ഇത്തിരി വെട്ടത്തിൽ ചലിക്കുന്ന കാഴ്ച.


അന്നയെയും മടിയിരുത്തി ഉറക്കമിളച്ചിരിക്കുന്ന സലോമി.ഉമ്മറത്ത് ഒരു കോണിൽ ഒരുക്കി വെച്ച പുൽക്കൂട്ടിലെ തിരുപ്പിറവിയുടെ ബൊമ്മക്കൊലു.


ബൊമ്മക്കൊലുവിലെ പ്രണയമുറ്റി നിൽക്കുന്ന മറിയയുടെ കണ്ണുകൾ ജോസഫിനെ തേടിപ്പോകുന്നിടത്ത് സലോമിയുടെ നോട്ടം തട്ടി. ദൈവ പൈതൃകത്തിൽ അലിവുറ്റ ജോസഫിന്റെ മുഖത്ത് നിന്ന് അവൾക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണിൽ ഇരുട്ടു കയറി.  ജോസഫ് വളർന്നു വലുതായി.വലിയ പുരുഷരൂപമായി അവൾക്കു തോന്നി. 

ആ രൂപം അവളുടെ ഭർത്താവ് രവിയെപ്പോലെ തോന്നിച്ചു.


' രവീ... രവീ..... '

അവൾ ശ്വാസ ശബ്ദത്തിൽ വിതുമ്പി.

അവളുടെ മടിയിൽ മയങ്ങിക്കിടന്ന അന്നയെ അവൾ ആ രൂപത്തിനു നേരെ നീട്ടി.

'രവീ, നിന്റെ മോളിതാ. നീ ഇന്ന് നേരത്തെ വരുമെന്ന് പറഞ്ഞതല്ലെ?എന്താ ഇത്ര വൈകുന്നേ.നസ്രേത്തുകാരനല്ലാത്ത നിന്നെ എന്റെ പപ്പയുടെ ആളുകൾ ഉപദ്രവിച്ചൊ? '


സലോമിയുടെ വാക്കുകൾ മുറിഞ്ഞു. നാവെന്തോ തളരുന്ന പോലെ. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് എടുത്തെറിയപ്പെട്ട പോലെ തോന്നി. അവൾ ചെന്നു മുഖം കഴുകി തുടച്ചു.

മുറ്റത്ത് വട്ടം നിന്ന പ്രകാശത്തിൽ പത്തുപന്ത്രണ്ടു പേർ നിശ്ശബ്ദരായി നിൽക്കുന്നു.

മുറ്റത്ത് നിന്ന് കയറി വന്ന ഒരു കൊച്ചു പയ്യൻ

'പാടട്ടെയോ ചേച്ചീ 'യെന്ന് അനുവാദം ചോദിച്ചു.

സലോമി തലയാട്ടി.

'കാലിത്തൊഴുത്തിൽ പിറന്നവനേ....'

സലോമിയുടെ തോളിൽ ചാഞ്ഞ അന്നയുടെ കണ്ണുകളിൽ കന്നിക്കരോളിന്റ വെട്ടം.

Comments

Popular posts from this blog