ആൺവീട് [മിനികഥ] / സുജിത് കുട്ടനാരി.


 ആൺവീട് .

[മിനികഥ]


ഇന്നു രാവിലെയും അയാൾ ആ കടവിൽ കുളിക്കാനെത്തിയിരുന്നു. കുറേ കാലമായി  ദിവസവും രാവിലെ അയാൾ അവിടെ വന്ന് കുളിക്കാറുണ്ട്. കൂടെ ഒരു വെളുത്ത നായയും ഉണ്ടാവും.

ഒരു ചെറിയ തുണി ഭാണ്ഡം കക്ഷത്ത് തിരുകിയാണ് വരുന്നത്.കടവിലിറങ്ങി കൊണ്ടുവന്ന തുണികളെല്ലാം അലക്കിയ ശേഷം കരയിൽ അവ ഉണക്കുന്നതിനായി വിരിച്ചിടും. ആ നേരം മുഴുവൻ നായ കരയിലൊരിടത്ത് കിടന്നും നടന്നും നേരമ്പോക്കും.ഈ സമയത്തെല്ലാം തന്റെ വർഗ്ഗത്തിൽപ്പെട്ട എത്രയെണ്ണം അരികിലൂടെ കടന്നു പോയാലും അവൻ ശ്രദ്ധിക്കാറേയില്ല. 

അയാൾ അലക്കും കുളിയുമെല്ലാം കഴിഞ്ഞ് കരയിലേക്ക് കയറും. ഉണക്കാനിട്ട തുണികളെല്ലാമെടുത്ത് തോളിലേക്കിട്ട് നടക്കും. പിന്നാലെ ആ വെളുത്ത നായയും.

തോട്ടിൽ വെള്ളം കുറഞ്ഞിരിക്കുന്നു. നടുവിലൂടെ ചെറിയ ഒഴുക്കു മാത്രം. അരികിൽ ഒരു ഭാഗത്ത് ഒരു വെളുത്ത നിറം കണ്ടിട്ടാണ് ചന്ദ്രൻ അങ്ങോട്ട് ചെന്നത്. അടുത്തെത്തിയ നേരത്താണ് ആ വെളുത്ത അടയാളം ഒരു നായയാണെന്ന് അറിഞ്ഞത്. ഇത് അയാളുടെ നായയാണല്ലൊ. ചന്ദ്രൻ വേഗം തിരിച്ചറിഞ്ഞു. കരയിൽ കിടന്ന ഒരു വടിയെടുത്ത് ഇളക്കി നോക്കി. തല പിളർന്ന് ചോര വരുന്നു. അത് തെച്ചിപ്പൂക്കൾ പോലെ വെള്ളത്തിൽ പടർന്ന് നിൽക്കുന്നു.

നായ ഇങ്ങനെ ഇവിടെ കിടക്കുന്നത് അയാൾ അറിഞ്ഞിട്ടുണ്ടാവില്ല. 

ചന്ദ്രൻ തോട്ടരികിലൂടെ നടന്ന് ടാറിട്ട റോഡിലേക്ക് കടന്നു. അയാളുടെ വീട് ചന്ദ്രൻ കണ്ടിട്ടുണ്ട്. കിഴക്കോട്ട് കുറച്ചു കൂടി മുന്നോട്ട് പോയി. റോഡരികിൽ ഇടത്തു ഭാഗത്ത് തന്നെയുള്ള വീട്ടിലേക്കുള്ള വഴി കടന്ന് ചെന്നു.

ഇതുവരെ ഒരിക്കൽപ്പോലും ഒന്ന് മിണ്ടിയിട്ടില്ലാത്ത ഒരാളോട് പന്തിയില്ലാത്ത ഒരു കാര്യം അറിയിക്കാൻ ചെല്ലുന്നതിന്റെ കിതപ്പുണ്ട് ചന്ദ്രന്.

മുറ്റത്ത് അയാൾ നിൽക്കുന്നു. 

'നിങ്ങളുടെ നായയാണോ തോട്ടിൽ കിടക്കുന്നത്?'

താൻ ചോദിച്ചത് കേട്ടിട്ട് ഞെട്ടലെന്നല്ല ഒരു ഭാവമാറ്റവുമില്ലാതെയാണ് അയാളുടെ നിൽപ്പ്. 

ഒരിക്കലൂടെ ചോദിച്ചിട്ടും രണ്ടാമത് ഒരു പരുക്കൻ നോട്ടമല്ലാതെ മിണ്ടാട്ടമൊന്നുമില്ല.

ചന്ദ്രൻ തിരിഞ്ഞു നടക്കാനൊരുങ്ങി.

'നിൽക്ക്, അവനെ ഞാൻ കൊന്നിട്ടതാണ്.'

അയാളുടെ ശബ്ദം കേട്ടു തിരിഞ്ഞ് നിന്നു. രോഷംപൂണ്ട ആ മുഖത്തെ ചുണ്ടുകൾ പിളർന്ന് എത്തിയ പരുക്കൻ ശബ്ദം.

'അയ്യോ! അതെന്തിന്?' എന്ന് ചോദിക്കാൻ ചാന്ദ്രന് ധൈര്യം വന്നില്ല. സിനിമയിൽ കാണാറുള്ള പോലെ ഒരു വില്ലൻ മുന്നിൽ സൂമിൻ ചെയ്ത് വരുന്ന പോലെ അയാൾക്ക് തോന്നി.

'എനിക്ക് അവനോട് ഒരു വിരോധവുമില്ല. പക്ഷേ, ഞാനുമായുള്ള കരാറിലെ ഒരു പ്രധാന വ്യവസ്ഥ അവൻ തെറ്റിച്ചു. രണ്ടിനെയും ഞാൻ ശരിയാക്കി.'

അയാൾ പറഞ്ഞു നിർത്തി.

'രണ്ട് ?'ചന്ദ്രന്റെ ചുണ്ട് മന്ത്രിച്ചു. 

കേട്ടതിന്റെ പൊരുളറിയാതെ ചന്ദ്രൻ അയാളെ നോക്കി.

'ഇവിടെ ഞാൻ ഒറ്റയ്ക്കല്ല. ഒറ്റയായ ഞങ്ങൾ കുറേ പേരുണ്ട്.'

അയാൾ വീണ്ടും പറഞ്ഞു.

ചന്ദ്രൻ വീടിന്റെ പരിസരത്തേക്ക് ഒരിക്കലൂടെ നോക്കി. കാള, പോത്ത്, പൂവൻകോഴികൾ, പൂച്ചകൾ.അവിടവിടെയായി കുറച്ച് കുടിലുകൾ പോലെ കാണുന്നുമുണ്ട്. 

'ഞങ്ങൾ ആണുങ്ങളുടെ പുരയാണിത്.' അയാൾ അവസാനമായി പറഞ്ഞതിനൊപ്പം ആ കണ്ണുകൾ തീപ്പടരുന്ന പോലെ.

ചന്ദ്രൻ തിരിഞ്ഞു നടന്നു.

വഴിയരികിൽ പുൽപ്പടർപ്പുകൾക്കകത്ത് ചെന്നിറമുള്ള പട്ടി ചത്തു കിടക്കുന്നു. ചോരപ്പാടുകളിൽ ആർത്തിയുടെ ആരവം മുഴക്കി ഇച്ചകൾ.


സുജിത് കുട്ടനാരി

6.5.2021.

Comments

Popular posts from this blog